Monday 27 June 2016

24. സാരംഗ പക്ഷികളുടെ കഥ


പാണ്ഡവര്‍ കാടുപോലെ കിടന്ന ഖാണ്ഡവപ്രസ്ഥം തെളിക്കാനായി തീവയ്ക്കുമ്പോ‍ള്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു സാരംഗപ്പക്ഷിയും അവളുടെ കുഞ്ഞുങ്ങളൂം ഉൾപ്പെടുന്നു. അവരുടെ കഥ രസകരമാണ്.

അവിടെ ഒരു കൂട്ടില്‍ ഒരു തള്ളക്കിളിയും അവളുടെ നാലുമക്കളും വസിച്ചിരുന്നു. തന്തക്കിളി മറ്റൊരു പെണ്‍കിളിയോടൊപ്പം വിളയാടിക്കളിച്ചുകൊണ്ട് വനത്തില്‍ മറ്റൊരിടത്ത് സുഖമായി വിലസുകയും!

കുട്ടികളെ തനിയെ വളര്‍ത്തി ജീവിച്ച പെണ്‍കിളി കാട്ടുതീ വന്നപ്പോള്‍ ആകെ ഭയന്നു. പറക്കമുറ്റാത്ത നാലുമക്കളെയും കൊണ്ട് ദൂരെയെങ്ങും പോകാനും ആവില്ല. തങ്ങളെ രക്ഷിക്കാനും ആരുമില്ലാതെ നിസ്സഹായയായി ഇരിക്കുമ്പോള്‍ സാരംഗകുഞ്ഞുങ്ങള്‍ പറയും

‘അമ്മേ, ഞങ്ങള്‍ കാട്ടുതീയില്‍ വെന്തുപോകുന്നെങ്കില്‍ അതാണ് വിധിയെന്ന് കരുതി സമാധാനിച്ചോളാം, അമ്മയെങ്കിലും പോയി രക്ഷപ്പെടൂ. അമ്മയ്ക്ക് മറ്റൊരു പക്ഷിയെ വിവാഹം കഴിച്ച് വംശം നിലനിര്‍ത്താന്‍ പറ്റുമല്ലൊ, പുതിയ മക്കളുണ്ടാകുമ്പോള്‍ ഞങ്ങളെ പറ്റിയുള്ള വിഷാദം തീര്‍ന്നുകിട്ടുകയും ചെയ്യും.’

അമ്മ പക്ഷിക്ക് ഇത് സ്വീകാര്യമായില്ല. അവള്‍ കുട്ടികളോട് താഴെയുള്ള എലിയുടെ മാളത്തില്‍ കയറി ഇരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു

അപ്പോള്‍ കുട്ടികള്‍, ‘മാളത്തിനുള്ളിലെ എലികള്‍ തങ്ങളെ ഭക്ഷിക്കുന്നതിലും ഭേദം ഈ കാട്ടുതീയില്‍ വെന്തു മരിക്കുന്നതാണ് ’ എന്നും ‘അമ്മ പൊയ്ക്കോളൂ. തീയടങ്ങുമ്പോള്‍ അമ്മ തിരിച്ചു വന്നു നോക്കൂ..ഒരുപക്ഷെ, ഞങ്ങള്‍ രക്ഷപ്പെടുമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം’. എന്നു പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ കരഞ്ഞുവിളിച്ചും കൊണ്ട് അമ്മ പക്ഷി പറന്നകലുന്നു.

കുഞ്ഞുകിളികള്‍ അഗ്നിദേവനെ പ്രാര്‍ത്ഥിച്ച് പ്രീതിപ്പെടുത്തകയാല്‍ അഗ്നി അവരെ രക്ഷിക്കുന്നു.
കാട്ടുതീ അണയുമ്പോള്‍ അമ്മപ്പക്ഷി തിരിച്ചു വന്ന് അവര്‍ വീണ്ടും ഒരുമിക്കുന്നു.

അച്ഛന്‍ പക്ഷി കാട്ടില്‍ തീ വ്യാപിക്കുന്നത് കാണുമ്പോള്‍ തന്റെ പ്രിയതമയോട്, ‘ഞാന്‍ പോയി ഒന്നു നോക്കിയിട്ടു വരട്ടെ’ എന്നു പറയുമ്പോള്‍ അവള്‍ കുറ്റപ്പെടുത്തുന്നു.
‘നിങ്ങള്‍ക്ക് പഴയ ഭാര്യയെ കാണാനുള്ള തിടുക്കമാണ് . മക്കള്‍ക്ക് ആപത്തൊന്നും വരില്ല എന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലൊ’ എന്ന്

ആണ്‍പക്ഷി, ‘നീ വിചാരിക്കുമ്പോലെ ഒന്നും അല്ല, എനിക്ക് മക്കള്‍ക്ക് ആപത്തൊന്നും പറ്റിയില്ല എന്നുറപ്പു വരുത്തണം അത്രമാത്രമേ ഉള്ളൂ’ എന്നും പറഞ്ഞ് പറന്നു ചെല്ലുന്നു.

പക്ഷെ, ഇതിനകം തിരിച്ചു കൂട്ടിലെത്തി മക്കളുമായി ഒത്തുചേര്‍ന്ന സന്തോഷത്തിലിരിക്കുന്ന അമ്മ പക്ഷി ആണ്‍പക്ഷിയെ കണ്ടതായിക്കൂടി നടിക്കാതെ മക്കളെ നോക്കി ഇരിക്കുന്നു. ഇതുകണ്ട സാരംഗ പക്ഷി, ‘എല്ലാ പെണ്ണുങ്ങളും തങ്ങള്‍ക്ക് മക്കളുണ്ടായി കഴിഞ്ഞാല്‍ പിന്നെ ഭര്‍ത്താവിനെ സ്നേഹിക്കാന്‍ കൂട്ടാക്കുന്നില്ല’ എന്നു പഴിപറഞ്ഞ് വീണ്ടും പറന്നകലുന്നു..

*
സാരംഗ പക്ഷികളുടെ പൂര്‍വ്വ കഥ:

പക്ഷികളും മാന്‍കളും ഒക്കെ സംസാരിക്കുന്ന കഥകള്‍ പുരാണങ്ങളില്‍ മിക്കയിടത്തും കാണാം
അതൊക്കെ കഴിഞ്ഞ ജന്മത്തില്‍ വല്ല മുനിമാരോ ഒക്കെ ആയി ശാപം കിട്ടിയ പക്ഷികളും മൃഗങ്ങളും ആണ്. അതുകൊണ്ടാണ് സംസാരിക്കാനാകുന്നത്.

ഈ സാരംഗപക്ഷിയും ‘മണ്ഡപാലന്‍’ എന്ന ഋഷിയായിരുന്നു. അദ്ദേഹം മരിച്ചു ചെല്ലുമ്പോള്‍ മക്കളില്ലാതെ മരിച്ചതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നിഷേധിക്കുന്നു. അങ്ങിനെ മുനി വീണ്ടും പക്ഷിയായി ജനിച്ച് നാലു മക്കള്‍ക്ക് ജന്മം നല്‍കിയതാണ്. അവരെ അഗ്നിദേവന്‍ രക്ഷിക്കും എന്നും മുനിക്കറിയാം. ഋഷിയുടെ മക്കളായതിനാലാണ് ആ സാരംഗപക്ഷികള്‍ക്ക് അമ്മയെ സമാധാനിപ്പിക്കാനും മറ്റും സാധിച്ചതും.

മണ്ഡപാലന്‌ ‘ജരിത’ എന്ന പക്ഷിയില്‍ നാലു മക്കള്‍ ഉണ്ടായ ശേഷം അവളെ ഉപേക്ഷിച്ച് ലപിതയുടെ കൂടെ ജീവിച്ചുവരവെയായിരുന്നു കാട്ടുതീ ഉണ്ടാകുന്നത്.

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete