Sunday 20 November 2016

STANDARD 4 MALAYALAM UNIT 7.4

കുട്ടിയും തള്ളയും

ശ്രീനിധി
പുഷ്പവാടി
രചന:എൻ. കുമാരനാശാൻ

കവിത കേള്‍ക്കാം       
Download 1  

Download 2: ആലാപനം ബേബി അഞജന
Download 3: ആലാപനം ശ്രീനിധി,
കുട്ടിയാട്ടുര്‍ സൌത്ത് എ.എല്‍.പി.എസ്
   
കവിത വരികള്‍
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
പെന്‍സില്‍ യൂണിറ്റ് മൊഡ്യൂള്‍ ഡൌണ്‍ലോഡ്

കുമാരനാശാൻ

മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌ എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 - ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.

ജനനം, ബാല്യം

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽപെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. 

ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും  ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു.

 

ആശാന്റെ രചനകൾ

1907 ഡിസംബറിൽ ആണ് ആശാൻ വീണപൂവ്, മിതവാദി പത്രത്തിൽ പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. വിഷൂചിക പിടിപെട്ട് ആലുവയിലെ വീട്ടിൽ കിടപ്പിലായിരുന്ന ശ്രീനാരായണഗുരുവിന്റെ അവസ്ഥയിൽ നിന്നാണ് വീണപൂവിന്റെ ആദ്യവരികൾ രൂപം കൊണ്ടത് എന്ന് വിശ്വസിക്കുന്നു
ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ

എന്നാരംഭിക്കുന്ന വീണപൂവിൽ, പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മമായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ഹൃദയസ്പർശിയാംവിധം ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെതുടർന്ന് രചിച്ച തീയക്കുട്ടിയുടെ വിചാരം അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

നളിനി

അതിനുശേഷം ആശാൻ രചിച്ച സുപ്രധാന ഖണ്ഡകാവ്യങ്ങളിൽ ആദ്യത്തേത് നളിനി അഥവാ ഒരു സ്നേഹം ആയിരുന്നു. നളിനിയുടെയും ദിവാകരന്റെയും അസാധാരണമായ സ്നേഹബന്ധത്തിന്റെ കഥയായിരുന്നു നളിനി. മനുഷ്യന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഈ വരികൾ നളിനിയിലേതാണു്.
തന്നതില്ല പരനുള്ളുകാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശ്ശങ്കയാൽ

ലീല

“നളിനി”യിലെ നായികാനായികരിൽനിന്ന് വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളെയാണ് അദ്ദേഹം “ലീല“ എന്ന ഖണ്ഡകാവ്യത്തിൽ അവതരിപ്പിക്കുന്നത്. മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് കവി ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ വരച്ചുകാട്ടുന്നത്.

ചണ്ഡാലഭിക്ഷുകിയും കരുണയും

ബുദ്ധമതസന്ദേശങ്ങൾ ആശാനെ വളരെയേറെ സ്വാധീനിച്ചു. അതിലെ പല ഉജ്ജ്വലാശയങ്ങളും ഹിന്ദുമതത്തിലെ അനാചാരങ്ങൾ തുടച്ചുനീക്കാൻ പ്രയോജനപ്പെട്ടേക്കുമെന്ന വിശ്വാസമാകണം “ചണ്ഡാലഭിക്ഷുകി“, “കരുണ“, എന്നീ കാവ്യങ്ങൾക്ക് ബുദ്ധമതവുമായി ബന്ധപ്പെട്ട ഇതിവൃത്തങ്ങൾ സ്വീകരിക്കാൻ ആശാനെ പ്രേരിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്ന കഥ ആരുടെ ഹൃദയത്തിലും തങ്ങി നിൽക്കും.
കവിതയിലെ ഒരു ശകലം:
അന്തമില്ലാത്തൊരാഴത്തിലേക്കിതാ,
ഹന്ത താഴുന്നു, താഴുന്നു ഞാനഹോ.


ദുരവസ്ഥ

വർഷങ്ങളായി സമൂഹത്തിൽ നിലനിന്നുപോന്ന അനാചാരങ്ങൾ സൃഷ്ടിച്ച ദുരവസ്ഥയാണ് “ദുരവസ്ഥ“ എന്ന കൃതിയിലെ സാവിത്രി എന്ന അന്തർജ്ജനത്തിന്റെ കഥയിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നത്. അതിശക്തമായ സാമൂഹികവിമർശനം ആ കൃതിയിലുടനീളം കാണാം. ആശാനെഴുതിയ കാവ്യങ്ങളിൽ ഏറ്റവും ദീർഘമായത് ദുരവസ്ഥയാണ്.

മാപ്പിളലഹളയുടെ പശ്ചാത്തലത്തിൽ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജാതിശ്രേണിയുടെ രണ്ടറ്റങ്ങളിലുള്ള സാവിത്രി അന്തർജ്ജനവും അധഃസ്ഥിതനായ ചാത്തനുമാണ് നായികാനായകന്മാർ. സമൂഹത്തിൽനിന്ന് ജാതിചിന്ത തുടച്ചുമാറ്റേണ്ടതിന്റെ അനിവാര്യതയോ അതിനുള്ള ഉദ്ബോധനവുമാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം

പ്രരോദനം

ആശാന്റെ ഖണ്ഡകാവ്യങ്ങളിൽ പ്രൗഢഗംഭീരം “പ്രരോദനം“ ആണ്. ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യമാണത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ കൃതിയിലാണ്.

മരണം

1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമാണ്

മറ്റു കൃതികൾ

കവിതാരചനയെക്കുറിച്ചുള്ള തന്റെ ഉൾക്കാഴ്ച്ചകൾ “കാവ്യകല” അഥവാ “ഏഴാം ഇന്ദ്രിയം” എന്ന പേരുള്ള കവിതയിൽ ആശാൻ വ്യക്തമാക്കി.ഒട്ടനവധി സ്തോത്രകൃതികളും ഭാവഗീതങ്ങളും ലഘുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ആശാന്റെ ഭാവഗീതങ്ങളും ലഘുകവിതകളും മണിമാല, വനമാല, പുഷ്പവാടി തുടങ്ങിയ സമാഹാരങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ ബുദ്ധചരിതം, സൗന്ദര്യലഹരി, ബാലരാമായണം തുടങ്ങി പ്രമുഖമായ ചില വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ട്. കുമാരനാശാന്റെ ഗദ്യലേഖനങ്ങൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ഒരു ദ്യശ്യാവിഷ്കാരം


 തയാറാക്കി അയച്ചു തന്നത്

 വീയുസ്, മര്യനാട്, വയനാട്

No comments:

Post a Comment