Monday 27 June 2016

മഹാഭാരതം-3(അംബ, അംബിക, അംബാലിക)


ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍‌ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.

ഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു. ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!

അംബ അംബിക അംബാലിക

ചിത്രാംഗദന്റെ മരണശേഷം വിചിത്രവീര്യന്‍ രാജാവാകുന്നു. ആയിടക്ക് കാശിരാജാവ് തന്റെ മക്കളായ അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..

കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍‌വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നുപറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.

അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..

ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.

അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി. ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍‌നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം‍ എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.
യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..

അംബികയുടെയും അംബാലികയുടെയും കഥ തുടരട്ടെ,
വിചിത്രവീര്യനും അംബികയും അംബാലികയുമൊത്ത് അത്യന്തം സന്തോഷമായി ജീവിക്കുമെങ്കിലും അമിതമാ‍യി സുഖഭോഗങ്ങളില്‍ മുഴുകുക നിമിത്തം ക്ഷയരോഗബാധിതനായി താമസിയാതെ മരിച്ചുപോകുന്നു. അനന്തരാവകാശികളില്ലാതെ രാജ്യം അനാഥമായിപ്പോകുമെന്ന ഭയപ്പെട്ട
സത്യവതി ഭീഷ്മരോട് ഒരു അഭ്യര്‍ത്ഥനയുമായി ചെല്ലുന്നു

സത്യവതി ഭീക്ഷ്മരോട് തന്റെ മരുമക്കളായ അംബികയിലും അംബാലികയിലും‍ പുത്രോല്‍പ്പാദനം നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു (അന്ന് മക്കളില്ലാത്ത രാജപുത്രിമാര്‍ക്ക് ബ്രാഹ്മണരില്‍ നിന്നോ ദേവന്മാരില്‍ നിന്നോ മക്കളെ സ്വീകരിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു).

താന്‍ നിത്യബ്രഹ്മചാരിയാണെന്നും, ഒരിക്കല്‍ ചെയ്ത ശപഥം ഈ ജന്മത്തില്‍ ഇനി മാറ്റില്ല എന്ന് ഭീഷ്മര്‍ ഉറ്പ്പു പറയുന്നു.. സത്യവതി ഗത്യന്തരമില്ലാതെ ഭീഷ്മരോട് പരാശരമഹര്‍ഷിയില്‍ നിന്നും തനിക്കുണ്ടായ തന്റെ ആദ്യപുത്രനായ വേദവ്യാസനെ പറ്റി പറയുന്നു. അതുകേട്ട് ഭീഷമര്‍ ആ ദിവ്യനെ ആനയിക്കാന്‍ പറയുന്നു. ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാട്ടില്‍ വസിക്കുന്ന വേദവ്യാസന്‍ തല്‍ക്ഷണം കൊട്ടാരത്തില്‍ എത്തുന്നു. സത്യവതി തന്റെ ആഗ്രഹം അറിയിക്കുമ്പോള്‍ മുനി സമ്മതിക്കുന്നു.

പക്ഷെ, ‘ആത്മാവും ആത്മാവും തമ്മില്‍ ചേര്‍ന്നാലേ സല്പുത്രന്മാര്‍ ഉണ്ടാകൂ.. വെറും ശരീര സമ്പര്‍ക്കം മാത്രം പോരാ. കാട്ടില്‍ ജീവിക്കുന്ന തന്നെ ഇഷ്ടപ്പെടാന് ‍കൊട്ടാരത്തിലെ സുഖസൌഖര്യങ്ങളില്‍ മുഴുകി കഴിയുന്ന അംബികയ്ക്കും അംബാലികയ്ക്കും ആകുമോ’ എന്ന സന്ദേഹം മഹര്‍ഷിക്കുണ്ടായി.
സത്യവതിക്കും ആ സന്ദേഹം ഉണ്ടായിരുന്നു. അതുകൊണ്ട് സത്യവതി ദാസിയായ ഒരു ശൂദ്രസ്ത്രീയെക്കൂടി ഒരുക്കി നിര്‍ത്തിയിരുന്നു.

വേദവ്യാസന്‍ ആദ്യം അംബികയുടെ അറയില്‍ ചെല്ലുന്നു. മഹര്‍ഷിയുടെ പ്രാകൃതമായ വേഷവും പ്രകൃതവും ഒക്കെ കണ്ട് ഭയന്ന് അംബിക കണ്ണുകള്‍ ഇറുകെ അടച്ചുകളയുന്നു.. അതുകൊണ്ട് അവള്‍ക്ക് അന്ധനായ ധൃതരാഷ്ട്രര്‍ ഉണ്ടാകുന്നു. (ഹംസനെന്ന ഗന്ധർ വ്വനാണ് ധൃതരാഷ്ട്രർ)

അംബാലിക മഹര്‍ഷിയെ കണ്ട് ഭയന്ന് വിറച്ച് വിളറി മഞ്ഞിച്ചുപോകുന്നു. അതുകൊണ്ട് അവള്‍ക്ക് പാണ്ഡു എന്ന മകന്‍ (തൊലിയില്‍ എന്തോ അസുഖമുള്ള) ഉണ്ടാകുന്നു.

ഇത് നേരത്തെ അറിയാമായിരുന്ന മഹര്‍ഷി തന്നെ ഭക്തിയോടെ ശുശ്രൂഷിച്ച ദാസിയ്ക്ക്‍
സത്പുത്രനെ നല്‍കുന്നു.. അതാ‍ണ് മഹാവിദുഷിയായ വിദുരര്‍‌‍ (ധര്‍മ്മരാജനാണ് മാണ്ഡവ്യശാപത്താൽ വിദുരരായി ജനിക്കുന്നത്. വിദുരര്‍ മഹാഭാരതകഥയിലുടനീളം ഭീഷ്മരോടൊപ്പം നിന്ന് ധര്‍മ്മത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നു)

ധര്‍മ്മദേവൻ‌ മാണ്ഡവ്യശാപം കിട്ടി വിദുരരായി ജനിക്കാനിടയായ കഥ ‍

മാണ്ഡവ്യമുനി അമിത തപോബലമുള്ള മുനിയായിരുന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ആശ്രമത്തില്‍ ഏകാഗ്രതയോടെ തപസ്സുചെയ്യുകയായിരുന്നു. പെട്ടെന്ന്‌ അതുവഴി ഒരു കൊള്ളസംഘത്തെ തുരത്തിക്കൊണ്ട്‌ കുറേ രാജഭടന്മാര്‍ കടന്നുവന്നു. ഭടന്മാര്‍ക്കു മുന്നേ എത്തിയ കൊള്ളക്കാര്‍ ആശ്രമം കണ്ട്‌, തങ്ങളുടെ കളവുമുതല്‍ അവിടെ നിക്ഷേപിച്ച്‌ അവിടെനിന്നും കടന്നുകളഞ്ഞു.

അവരെ പിന്‍തുടര്‍ന്നെത്തിയ ഭടന്മാര്‍ ധ്യാനിച്ചുകൊണ്ടിരിക്കുന്ന മുനിയേയും അടുത്ത്‌ കളവുമുതലും കണ്ടു കൊള്ളത്തലവന്‍ വേഷപ്രശ്ചഹ്നനായി മുനിയെപ്പോലെയിരുന്ന്‌ തപസ്സുചെയ്യുകയാവുമെന്ന്‌ തെറ്റിധരിച്ച്‌ അദ്ദേഹത്തെ പിടിച്ചുകെട്ടി, കളവിനുള്ള ശിക്ഷയായി അദ്ദേഹത്തെ ശൂലമുനയില്‍ കോര്‍ത്ത്നിര്‍ത്തി. ശൂനമുനയില്‍ കോര്‍ത്തു നിര്‍ത്തിയിട്ടും മാണ്ഡവ്യമുനി മരിച്ചില്ല.

ഭടന്മാര്‍ കൊട്ടാരത്തിലെത്തി ഉണ്ടായ വിവരങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. എല്ലാം കേട്ടു കാര്യം മനസ്സിലായ രാജാവ്‌ ഭയക്രാന്തനായി മുനിയെ കാണാനോടിയെത്തി. തപോബലത്താല്‍ ശൂലമുനയില്‍ കിടന്ന മുനി ഇനിയും മരിച്ചിട്ടില്ലായിരുന്നു. തന്റെ ഭടന്മാര്‍ക്ക്‌ തെറ്റുപറ്റിയതു മനസ്സിലാക്കിയ രാജാവ്‌ മുനിയോട്‌ മാപ്പപേക്ഷിച്ചു, അദ്ദേഹത്തെ സ്വതന്ത്രനാക്കി.

മുനിയ്ക്ക്‌ രാജാവിനോടും ഭടന്മാരോടുമുള്ള കോപത്തിലേറെ തനിക്കീ ഗതി വരുത്തിവച്ച യമധര്‍മ്മദേവനോടായിരുന്നു കോപം. അദ്ദേഹമാണല്ലോ സകല ജീവജാല ങ്ങള്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ചുള്ള ഫലങ്ങള്‍ നല്‍കുന്നത്‌. സദാ സമയവും ദൈവഭക്‌തിയിലും മോക്ഷമാര്‍ഗ്ഗവുമാരാഞ്ഞ്‌ കഴിയുന്ന തനിക്ക്‌ ഈ ഗതി വരുത്തിയതെന്തു ന്യായമാണെന്നറിയാന്‍ നേരെ ധര്‍മ്മരാജന്റെ അടുത്തെത്തി. അപ്പോള്‍ ധര്‍മ്മരാജന്‍ പറഞ്ഞു, "അങ്ങു കുട്ടിയായിരിക്കുമ്പോള്‍ ഈച്ചകളെ കൂര്‍ത്ത ഈര്‍ക്കില്‍മുനയില്‍ കുത്തി കോര്‍ത്തു കളിച്ചുരസിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്റെ പിടച്ചിലോടെയുള്ള മരണം കണ്ടുരസിക്കുക അങ്ങയുടെ ബാല്യകാല വിനോദമായിരുന്നു. അതിന്റെ ഫലമായാണ്‌ അങ്ങേയ്ക്കും അതേ ദുര്‍വിധി വന്നത്‌" എന്നു ചൂണ്ടിക്കാട്ടി. അതിനു മാണ്ഡവ്യന്‍, "12 വയസ്സിനു താഴെയുള്ള കുട്ടികള്‍ തെറ്റേത്‌ ശരിയേത്‌ എന്നു തിരിച്ചറിയാനാവാത്ത പ്രായത്തില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ശിഷ കൊടുക്കുന്നത്‌ ന്യായമല്ല" എന്നാരോപിച്ച്‌ തിരിച്ച്‌ ധര്‍മ്മദേവനും ശാപം നല്‍കി. 'ധര്‍മ്മദേവന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ച്‌, മനുഷ്യരുടെ കഷ്ടനഷ്ട ങ്ങളെല്ലാം അനുഭവിച്ച്‌ ജീവിക്കണം' എന്നതായിരുന്നു ശാപം. അപ്രകാരം ധര്‍മ്മദേവന്‍ വേദവ്യാസമുനിയുടെ മുനിയുടെ പുത്രനായി അംബാലികയുടെ ദാസി, ശൂദ്രസ്ത്രീയില്‍ വിദുരരായി ജനിച്ചു.

മനുഷ്യജന്മത്തിലും അദ്ദേഹം ധര്‍മ്മത്തെ കാത്തുരക്ഷിച്ചുകൊണ്ട്‌ ജീവിച്ചു. ധര്‍മ്മം നിലനിര്‍ത്താന്‍ അദ്ദേഹം പാണ്ഡവര്‍ക്ക്‌ പലപ്പോഴും ഉപദേഷ്ടാവായും മാര്‍ഗ്ഗദര്‍ശ്ശിയായും വര്‍ത്തിച്ചു. സാക്ഷാല്‍ ധര്‍മ്മദേവനുപോലും സ്വന്തം പാപങ്ങളുടെ ഫലം അനുഭവിച്ചേ മതിയാവൂ എന്നതിനുദാഹരണമാണ്‌ വിദുരരുടെ ഈ കഥ!

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete