Monday 27 June 2016

മഹാഭാരതം-2 (ശന്തനു-സത്യവതി-ഭീഷ്മശപഥം)


അങ്ങിനെ ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ,
ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. (പ്രണയം ശന്തനുവിന്റെ ഒരു വീക്ക്നസ്സ് ആയിരുന്നല്ലൊ, സത്യവതിക്കും ഒരു ഫ്ളാഷ്‌ ബാക്ക് ഉണ്ട് കേട്ടോ! )

സത്യവതിയുടെ പൂര്‍വ്വകഥ ഇങ്ങിനെ..

സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ ഒരിക്കല്‍ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍‌കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).

വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.

ശന്തനു മഹാരാജാവും സത്യവതിയും കണ്ടുമുട്ടിയ കഥയിലേക്ക് വരാം..

കസ്തൂരിഗന്ധിയായ സത്യവതി വീണ്ടും പഴയ മുക്കുവകന്യയായി കടത്തുകാരിയായി ജീവിക്കുമ്പോഴാണ്
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായത്.. പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു.
ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.

വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍ Boldതന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)

സത്യവതിയുടെയും ശന്തനുവിന്റെയും കഥയുടെ ബാക്കി അടുത്തതില്‍..

No comments:

Post a Comment